കാക്കൂരിൽ ബഡ്സ് സ്കൂൾ യാഥാർഥ്യമാവുന്നു
കാക്കൂർ | കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ബഡ്സ് സ്കൂൾ എന്ന ആവശ്യം യാഥാർഥ്യമാവുന്നു. ബഡ്സ് സ്കൂൾ ശിലാസ്ഥാപനം കണ്ടോത്ത്പാറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടത്തിയ കൂട്ടായ പരിശ്രമമാണ് യാഥാർഥ്യമാകുന്നത്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടിനുള്ളിൽ ഒതുക്കി നിർത്താതെ അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും അറിവിന്റെ ലോകം അവർക്കായി തുറന്നു നൽകുന്നതുമാണ് ബഡ്‌സ് സ്കൂൾ. താനക്കണ്ടിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ സ്‌മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വിട്ടുനൽകിയ 27 സെന്റ് സ്ഥലത്താണ് സ്കൂളിന് കെട്ടിടം ഒരുങ്ങുന്നത്.
ആധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് നാലു കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ എം എൽ എ ഫണ്ട്, ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികളാണ് ആരംഭിക്കുന്നത്.
കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നിഷ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ സർജാസ്, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൾ ഗഫൂർ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ അപർണ നന്ദിയും പറഞ്ഞു.