ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ മാറ്റങ്ങൾ മേയ് ഒന്നു മുതൽ
തിരുവനന്തപുരം | സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും.
ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല എന്നും നിർദേശം നൽകിയിട്ടുണ്ട്.
മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോർ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡിൽ നടത്തുവാൻ നിർദേശം നൽകുന്നു. ഗ്രൗണ്ടിൽ തന്നെ പാർട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലെ വീഴ്ചയായി കണക്കാക്കും.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിക്കും.
പ്രതിദിനം ഒരു MVI യും ഒരു AMVI യും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തിൽ കൂടുതൽ ആയാൽ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താൻ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.
ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റെ എൽ.എം.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ( VLTD) ഡ്രൈവിംഗ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്തു മെമ്മറി കാർഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റാ ഓഫിസിലെ കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകേണ്ടതുമാണ്. ഡാറ്റാ മൂന്ന് മാസകാലയളവിലേക്ക് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ പാർട്ട് 1 ഡ്രൈവിംഗ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 24 (3) (viii) പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളും, സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളും അംഗീകാരം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കിൽ എൻജിനീയറിങിൽ ഉള്ള യോഗ്യത വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായി മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സ് പാസായവരെ പരിഗണിക്കണെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിൽ വ്യക്തമാക്കി.