ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായപാരമ്പര്യം: ഡോ. എ കെ വിജയരാജൻ
നരിക്കുനി | ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യമാണെന്ന് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ എ കെ വിജയരാജൻ പറഞ്ഞു. കേവലം പാരമ്പര്യത്തിൽ അഭിമാനിക്കാതെ അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് വിദ്യാർഥികളിൽ നിന്നുണ്ടാകേണ്ടതെന്നും സി വി രാമനെപ്പോലുള്ള പ്രതിഭകളെ നാം മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ എന്ന പ്രമേയത്തിൽ ജാമിഅ മദീനതുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്മെന്റും സയൻസ് ഓർബിറ്റും സംയുക്തമായി സംഘടിപ്പിച്ച അക്കാദമിക് കോൺഫറൻസ്’23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നരിക്കുനി ബൈത്തുൽ ഇസ്സയിൽ നടന്ന ചടങ്ങിൽ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി അധ്യക്ഷനായി. ഐക്യരാഷ്ട്ര സംഘടനയുടെ പതിനേഴോളം വരുന്ന സുസ്ഥിതി വികസന ലക്ഷ്യങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്തു. കാലിക്കറ്റ് എൻ ഐ ടി സീനിയർ പ്രൊഫസർ ഡോ സുജിത്, മീഞ്ചന്ത ഗവണ്മെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ മുജീബ് റഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, സയൻസ് ഓർബിറ്റ് ഇൻചാർജ് മുജ്തബ നൂറാനി തുടങ്ങിയവർ സംസാരിച്ചു. കോൺഫറൻസിന്റെ ഭാഗമായി അക്കാദമിക് സെമിനാർ, കരിയർ ഇന്ററാക്ഷൻ, എക്സ്പീരിയ മെഗാ എക്സ്പോ തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.