അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചു; കാക്കൂർ, നന്മണ്ട പഞ്ചായത്തുകളിൽ 27 പേർക്ക് നോട്ടീസ്
കോഴിക്കോട് | അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാക്കൂര്‍, നന്മണ്ട പഞ്ചായത്തുകളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. കെ. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയിൽ 19 മുന്‍ഗണനാ കാര്‍ഡുകള്‍, മൂന്ന് എ.എ.വൈ കാര്‍ഡുകള്‍, അഞ്ച് എന്‍.പി.എസ് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്ത് അനധികൃതമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഒടുക്കുന്നതിലേക്കായി കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.
നേരത്തെ മടവൂര്‍ പഞ്ചായത്തിലെ ആരാമ്പ്രം, മടവൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച 10 കാര്‍ഡുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ കക്കോടി പഞ്ചായത്തില്‍ ജനുവരി 30-ന് നടത്തിയിരുന്ന പരിശോധനയിലും അനര്‍ഹമായി കൈവശം വെച്ച 3 എ. എ. വൈ., 12 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് നോട്ടീസ് നല്‍കുകയുണ്ടായി. വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഷെദീഷ്, വിഗീഷ്, നിഷ വി ജി, പവിത കെ, ജീവനക്കാരനായ മൊയ്തീന്‍കോയ എന്നിവര്‍ പങ്കെടുത്തു.