കേരള മദ്യ നിരോധന സമിതിയുടെ വാഹനപ്രചാരണ ജാഥ ഇന്ന് നരിക്കുനിയിൽ
നരിക്കുനി |ജനജീവിതം ദുസ്സഹമാക്കുന്ന നരിക്കുനിയിലെ മദ്യഷോപ്പ് അടച്ചു പൂട്ടുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമിതി നടത്തിവരുന്ന അനിശ്ചിത കാല സമരത്തിന്റെ അൻപതാം ദിവസമായ നാളെ നടക്കുന്ന മദ്യഷോപ്പ് ഉപരോധത്തിന്റെ മുന്നോടിയായി കേരള മദ്യ നിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ ഇന്ന് നരിക്കുനിയിൽ നടക്കും. രാവിലെ 10ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്യും. തുടർന്ന് രാംപൊയിൽ, പൈമ്പാലശ്ശേരി, മടവൂർ മുക്ക്, വട്ടപ്പാറപൊയിൽ, കാരുകുളങ്ങര, കാവുംപൊയിൽ, നെല്ല്യേരി താഴം, പുന്നശ്ശേരി, നെട്ടോടിത്താഴം, പാലോളിത്താഴം, ചെങ്ങോട്ടുപൊയിൽ എന്നീ സ്ഥലങ്ങളിൽ പ്രചാരണം നടക്കും.
നാളെ വൈകിട്ട് 3 മുതൽ നടക്കുന്ന മദ്യഷോപ്പ് ഉപരോധത്തിന് മദ്യനിരോധന സമിതി നേതാക്കന്മാരും നരിക്കുനിയിലെ വിവിധ സംഘടനാ പ്രതിനിധികളും നേതൃത്വം നൽകും.