നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി; താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്, ഇപ്പോള്‍ അപേക്ഷിക്കാം
താമരശ്ശേരി | നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്. താമരശ്ശേരി പഴയ ബസ്റ്റാന്‍ഡിന് സമീപത്തുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 18 ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7012609608,+91-8281004911, 04952304882/85 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെവിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക.
മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Highlight: Norka Roots Santhvana Scheme; Thamarassery Taluk Adalat on 20th September, can apply now