എസ്.എസ്.എൽ.സി ഫലം മറ്റന്നാൾ; പ്രഖ്യാപനത്തിന് പുതിയ വഴി തേടി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം | എസ്.എസ്.എൽ.സി പരീക്ഷാഫലം നിശ്ചയിച്ച പ്രകാരം മെയ് 15-ന് തന്നെ പുറത്തുവിടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകുന്നതിനാൽ ഫലപ്രഖ്യാപനത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം നീക്കാനാണ് ഈ നീക്കം.
വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കും ഇത്തവണ ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
ഫലം വൈകുന്നത് ഹയർ സെക്കൻഡറി പ്രവേശനം ഉൾപ്പെടെയുള്ള തുടർനടപടികളെ ബാധിക്കുമെന്ന് അധ്യാപക സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുകയും 15-ന് തന്നെ ഫലം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇതേ അഭിപ്രായം തന്നെയാണ് മുന്നോട്ടുവെച്ചത്.

