പ്രാദേശികം

പാലങ്ങാട് സോളാർ ഇൻവെർട്ടർ സർവീസ് സെന്ററിൽ തീപ്പിടുത്തം

നരിക്കുനി | പാലങ്ങാട് സോളാർ ഇൻവെർട്ടർ സർവീസ് സെന്ററിൽ തീപ്പിടുത്തം. ഉച്ചയ്ക്ക് 2.40-ഓടെയാണ് അപകടം. മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വിവരമറിഞ്ഞയുടൻ നരിക്കുനി അഗ്നിശമന സേനാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനത്തിലെ പമ്പും ഫ്ലോട്ട് പമ്പും ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
തീപിടുത്തത്തിൽ സ്ഥാപനത്തിന് നാശനഷ്ടമുണ്ടായിട്ടുണ്ട്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവാക്കാൻ സാധിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സജി ചാക്കോ, ഹമേഷ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രാഗിൻ, ഫയർ റെസ്ക്യൂ ഓഫീസർമാരായ നിഖിൽ, ജിനുകുമാർ, സജിത്ത് കുമാർ, സത്യൻ, ഹോം ഗാർഡുമാരായ ചന്ദ്രൻ, സുജിത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.