പടനിലം പാലം; പ്രവൃത്തി അനിശ്ചിതത്വത്തിൽ
പടനിലം | പൂനൂർപുഴയ്ക്ക് കുറുകെ പടനിലം പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തികൾ അനന്തമായി നീളുന്നു. പാലത്തിന്റെ മധ്യഭാഗത്തെ നിർമാണം ഇപ്പോഴും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
2023 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 7.16 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം യു എൽ സി സിയാണ് കരാർ എടുത്തിരിക്കുന്നത്.
പുഴയിലെ രണ്ട് തൂണുകളും അപ്രോച്ച് റോഡിലേക്കുള്ള തൂണുകളും പൂർത്തിയായിട്ടുണ്ടെങ്കിലും തുടർപ്രവൃത്തി ഏറെ വൈകുകയാണ്. ഇതോടെ നാട്ടുകാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാലത്തിന്റെ പൂർത്തീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.