കാത്തിരിപ്പിന് വിരാമം; സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനം നാളെ പുനരാരംഭിക്കും
കോഴിക്കോട് | നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് വീണ്ടും തുറക്കുന്നു. നാളെ വൈകിട്ട് മുതൽ രോഗികളെ ഇവിടെ പ്രവേശിപ്പിക്കും. നാല് നിലകളിലായുള്ള വാർഡുകളും ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗവും ഇതോടൊപ്പം പ്രവർത്തനം പുനരാരംഭിക്കും.
കഴിഞ്ഞ മേയ് 2-ന് ബ്ലോക്കിലെ എം ആർ ഐ റൂമിൽ പുക ഉയർന്നതിനെ തുടർന്നാണ് ബ്ലോക്ക് അടച്ചിടേണ്ടി വന്നത്. സംഭവത്തിന് പിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ട് സന്ദർശനം നടത്തി. സുരക്ഷിതത്വം ഉറപ്പാക്കാൻ സാങ്കേതിക സമിതി രൂപീകരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിരുന്നു.
ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാ കലക്ടറും മെഡിക്കൽ കോളജ് പ്രിൻസിപ്പലും പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.