പള്ളുരുത്തിയിൽ വൈദ്യുതാഘാതം: അതിഥിതൊഴിലാളി മരിച്ചു, രണ്ടുപേർക്ക് പരിക്ക്
എറണാകുളം | പള്ളുരുത്തിയിൽ കോർപ്പറേഷൻ കെട്ടിടത്തിൽ പെയിന്റിങ് ജോലിക്കിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വികാസ് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സംഭവിച്ച അപകടത്തിൽ വികാസിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
കാക്കനാടുള്ള കോൺട്രാക്ടറുടെ കീഴിൽ ജോലിചെയ്തുവരികയായിരുന്നു വികാസ്. പെയിന്റ് ചെയ്യുന്നതിനിടെ ഇരുമ്പ് പൈപ്പിൽ ഘടിപ്പിച്ച ബ്രഷ് വൈദ്യുതിക്കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. വികാസിനെ രക്ഷിക്കാൻ ശ്രമിച്ച സഹപ്രവർത്തകർക്കും പരിക്കേറ്റു. മൃതദേഹം നാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.