മടവൂർ-നരിക്കുനി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം
മടവൂർ | കോഴിക്കോട്-മടവൂർ-നരിക്കുനി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിദ്യാർഥികളും തീർഥാടകരും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ ദിവസവും ആശ്രയിക്കുന്ന ഈ റൂട്ടിൽ യാത്രാസൗകര്യം വർധിപ്പിക്കാൻ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നേരത്തെ ബാലുശ്ശേരി-കോഴിക്കോട്, താമരശ്ശേരി-നരിക്കുനി-കോഴിക്കോട് റൂട്ടുകളിലായി നാല് കെ.എസ്.ആർ.ടി.സി. ബസുകൾ 17 ട്രിപ്പുകൾ സർവീസ് നടത്തിയിരുന്നു. നിലവിൽ യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടിൽ, നാലായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളും, ആയിരക്കണക്കിന് തീർഥാടകർ ദിവസവും സന്ദർശിക്കുന്ന സി.എം. മഖാം ശരീഫും, ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജും സ്ഥിതിചെയ്യുന്നുണ്ട്.
ദിവസേന പതിനായിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പടനിലം-ചക്കാലക്കൽ-മടവൂർ-നരിക്കുനി റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
പി.ടി.എ. എക്സിക്യൂട്ടീവ് യോഗം മാനേജർ പി.കെ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഒ.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. സിറാജുദ്ദീൻ, ഹെഡ്മാസ്റ്റർ ഷാജു പി. കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ഷബ്ന നൗഫൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി. ബാലകൃഷ്ണൻ, വി.പി. സുബൈർ, എം.പി.ടി.എ. പ്രസിഡന്റ് എം.കെ. പ്രജില എന്നിവർ സംസാരിച്ചു. പി.കെ. അൻവർ, കെ. ജാബിർ, ടി. മുസ്തഫ, ഷാബുരാജ്, പി. നൗഫൽ, റഷീദ് കീമാരി, റഹ്മത്ത്, സീനത്ത്, ഷെറിൻ, ഫാക്കിഹത്ത്, സി.പി. അബ്ദുൽ സലാം, പി. അബ്ദുൽ ലത്തീഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.