പ്രാദേശികം

ഡോ. മുഹമ്മദ് ആസിഫിന് കർഷകഭാരതി പുരസ്കാരം

മടവൂർ | കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ 2024-ലെ അച്ചടിമാധ്യമ വിഭാഗത്തിലുള്ള കർഷകഭാരതി സംസ്ഥാനതല പുരസ്കാരത്തിന് മടവൂർ സ്വദേശി ഡോ. എം. മുഹമ്മദ് ആസിഫ് അർഹനായി.

ഇത്തവണ രണ്ടുപേർക്കായാണ് അച്ചടിമാധ്യമവിഭാഗത്തിൽ പുരസ്കാരം നൽകിയത്. ഇടുക്കി കോലാനി സ്വദേശി ആർ. സാംബനൊപ്പമാണ് മുഹമ്മദ് ആസിഫ് പുരസ്കാരം പങ്കിട്ടത്. 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമുൾപ്പെടുന്നതാണ് പുരസ്കാരം.

കാസർകോട്‌ മംഗൽപാടി ഗ്രാമപ്പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയിൽ സർജനാണ് ഇദ്ദേഹം. വിവിധ പത്ര, ഓൺലൈൻ മാധ്യമപംക്തികളിലായി കാർഷിക, മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നൂറ്റമ്പതിലധികം കർഷകപരിശീലനങ്ങൾക്കും ഡോ. എം. മുഹമ്മദ് ആസിഫ് നേതൃത്വം നൽകിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോ. കേരളയുടെ മുൻ സംസ്ഥാന ഖജാൻജിയും സംഘടനയുടെ മുഖപത്രമായ ‘ദി വെറ്ററിനേറിയൻ’ മാസികയുടെ ചീഫ് എഡിറ്ററുമാണ്.

റിട്ട. പ്രൈമറി സ്കൂൾ അധ്യാപകനായ എം. മൊയ്തീൻകുട്ടിയുടെയും മൃഗസംരക്ഷണവകുപ്പിൽനിന്ന് വിരമിച്ച പി. സുലൈഖയുടെയും മകനാണ്. ഭാര്യ റസ്‌ല ഷെറിൻ കോഴിക്കോട് ഗവ. ഡെന്റൽ കോളേജിൽ അവസാനവർഷ വിദ്യാർഥിനിയാണ്.

Dr. M. Muhammad Asif from Kerala wins the Karshaka Bharathi State Award 2024 for print media, recognizing his contributions to agriculture & animal husbandry.