പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് ലിഫ്റ്റുള്ള പുതിയ കെട്ടിടം നിർമിക്കുന്നു
നരിക്കുനി | പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി വികസന പ്രതീക്ഷയിൽ. കൊടുവള്ളി മണ്ഡലത്തിൽ കിടത്തിച്ചികിത്സയുള്ള ഏക ആയുർവേദ ആശുപത്രിയാണിത്. നിർമാണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചതായി എം.കെ.മുനീർ എംഎൽഎ അറിയിച്ചു. ഒരു സീനിയർ മെഡിക്കൽ ഓഫിസറും 2 മെഡിക്കൽ ഓഫിസർമാരും കൂടാതെ തെറപ്പിസ്റ്റുകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സമീപ പഞ്ചായത്തുകളിൽ നിന്ന് ഒട്ടേറെ രോഗികൾ ഇവിടെ എത്തുന്നുണ്ട്. 10 പേർക്കുള്ള കിടത്തിച്ചികിത്സയാണ് ഇതുവരെ നൽകിയിരുന്നത്.
പുതിയ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി പഴയ കെട്ടിട ഭാഗം പൊളിച്ചു മാറ്റി. ഒരു വർഷത്തിനുള്ളിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ലിഫ്റ്റ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഏർപ്പെടുത്തും. നിലവിൽ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം സമീപത്തെ വാടക കെട്ടിടത്തിലേക്കു മാറ്റി. 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ആശുപത്രി വികസനത്തിനായി എം.കെ.മുനീർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണു പൊതുമരാമത്ത് വിഭാഗം മാസ്റ്റർ പ്ലാൻ തയാറാക്കിയത്. വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നാണ് നാടിന്റെ ആവശ്യം.