പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബീവറേജസ് ഔട്ട്ലെറ്റ് ഉപരോധം
നരിക്കുനി |വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചതടക്കം വിവിധ പ്രശ്നങ്ങളാൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ജനകീയ സമര സമിതി ഉറച്ച നിലപാടുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുന്നതായി ഇന്നത്തെ മദ്യഷാപ്പ് ഉപരോധം. രാവിലെ പത്തുമണിയോടെ പ്രകടനമായി എത്തിയ സമരക്കാർ ബീവറേജസ് ഔട്ലെറ്റിന്റെ പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് ഏറെ നേരം പ്രതിഷേധിച്ചു. ഒടുവിൽ പോലീസ് സ്ഥലത്ത് എത്തുകയും സമരസമിതി നേതാക്കളുമായി സംസാരിക്കുകയും ചെയ്തു. മർദനമേറ്റ സ്ത്രീയുടെ മൊഴിയെടുക്കാൻ തയ്യാറാവുകയും ഇന്നലത്തെ പ്രശ്നങ്ങളെ തുടർന്ന് പോലീസ് എത്താൻ വൈകിയതിന്റെ കാരണം ബോധിപ്പിക്കുകയും ചെയ്തതോടെ ഉപരോധം സമാധാനപരമായി അവസാനിപ്പിക്കുകയായിരുന്നു. മദ്യഷാപ്പ് അടച്ച് പൂട്ടുന്നത് വരെ തുടരുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം വൈകിട്ട് പതിവുപോലെ നടക്കും.