പ്രാദേശികം

ഡയാലിസിസ് രോഗികൾക്ക് സൗജന്യ യാത്രയൊരുക്കി ഹെവൻ ബസ്

നരിക്കുനി | ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് സൗജന്യ യാതക്ക് അവസരമൊരുക്കി മാതൃകയായിരിക്കുകയാണ് ഹെവൻ ബസ്. കോഴിക്കോട്-നരിക്കുനി-പൂനൂർ-നാരങ്ങാത്തോട് റൂട്ടിലാണ് ഹെവൻ സർവീസ് നടത്തുന്നത്.

കോഴിക്കോട് നഗരത്തിലുളള വിവിധ ഡയാലിസിസ് കേന്ദ്രങ്ങളിലേക്കും നരിക്കുനി അത്താണി, പൂനൂർ, താമരശ്ശേരി എന്നിവിടങ്ങളിലെ ഡയാലിസിസ് കേന്ദ്രങ്ങളിലേക്കുമുള്ള രോഗികൾക്ക് സൗജന്യയാത്ര ആശ്വാസമാവുന്നുണ്ട്. നരിക്കുനി പാലങ്ങാട് തൃക്കൈപറമ്പിൽ ജിഷാമിന്റെയും അമ്മാവന്റെ മകൻ ഇരട്ടപ്പറമ്പത്ത് ഷംസീറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ബസ്. ആറുമാസം മുമ്പാണ് ഇവർ ഈ റൂട്ടിൽ ഓടുന്ന ബസ് ഏറ്റെടുത്തത്. ഷംസീറിന്റെ വൃക്കരോഗിയായ പിതാവ് ഡയാലിസിസ് ചെയ്താണ് മുന്നോട്ടുനീങ്ങുന്നത്. പിതാവിന്റെ കൂടെ ഡയാലിസിസ് കേന്ദ്രത്തിൽ പോവുമ്പോൾ നിർധനരായ രോഗികളുടെ പ്രയാസം മനസ്സിനെ ഏറെ ഉലച്ചിരുന്നതായി ഷംസീർ പറഞ്ഞു. ഇത്തരക്കാർക്ക് തന്നാലാവുംവിധം സഹായം എന്നനിലക്കാണ് ഡയാലിസിസ് രോഗികൾക്ക് യാത്ര സൗജന്യം എന്ന് ബസിൽ എഴുതിവെക്കുകയും അത് നൽകണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയതെന്നും ഷംസീറും ജിഷാമും പറഞ്ഞു.

നിർധനരായ രോഗികളുടെ ചികിത്സ ധനസമാഹരണത്തിനും ഇവർ സർവിസ് നടത്താറുണ്ട്.