ജില്ലാ വാർത്തകൾ

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ചൊവ്വാഴ്ച ആരംഭിക്കും

കോഴിക്കോട് | കൗമാരകലയുടെ കേളീവിഹാരമാകാൻ ജില്ല ഒരുങ്ങി. ഒപ്പനയും തിരുവാതിരയും മാർഗംകളിയും നാടകുവുമൊക്കെയായി കുട്ടികൾ അരങ്ങിലാടുമ്പോൾ നഗരവും കണ്ണുംകാതും തുറന്ന് അഞ്ചുനാൾ കൂടെ.19 മുതൽ 23 വരെ നഗരത്തിലെ 20 വേദികളിലായിട്ടാണ് റവന്യൂ ജില്ലാ കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ് പ്രധാന വേദി.19 ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. ജില്ലയിലെ അദ്ധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്തത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. 319 ഇനങ്ങളിലായി 8000 ത്തോളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചെയർമാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.മനോജ് കുമാർ ജനറൽ കൺവീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് നേതൃത്വം നൽകുന്നത്. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഭക്ഷണസംവിധാനം. മീഡിയ സെന്റർ ഉദ്ഘാടനം 18ന് മൂന്നു മണിക്ക് പോൾ കല്ലാനോട് നിർവഹിക്കും. 23 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.