കക്കയം ഡാം സൈറ്റിൽ കടുവ: സഞ്ചാരികളിൽ ആശങ്ക
കൂരാച്ചുണ്ട് :കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും വൈദ്യുതി ഉൽപാദന കേന്ദ്രവുമായ പ്രശസ്തമായ കക്കയം മേഖലയിൽ കടുവയെ കണ്ടതോടെ ഭീതിയേറി.
ചൊവ്വാഴ്ച വൈകിട്ട് ഡാം സൈറ്റ് റോഡിലെ വാൽവ് ഹൗസിനടുത്ത് സിസിലി മുക്ക് ഭാഗത്താണ് വനംവകുപ്പ് വാച്ചർമാർ കടുവയെ കണ്ടത്. മുൻപും കെഎസ്ഇബി ജീവനക്കാർ അടക്കം പലരും ഇതേ പ്രദേശത്ത് കടുവയെ നേരിൽ കണ്ടിരുന്നു.
കടുവ പിന്നീട് സമീപത്തെ വനഭൂമിയിലേക്ക് നീങ്ങിയതായി വനംവകുപ്പ് അറിയിച്ചു.
ഓണം സീസണിൽ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖല ആയതിനാൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നു.