സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ജേതാക്കൾ
നരിക്കുനി | നരിക്കുനി ഇംഗ്ലീഷ് മീഡിയത്തിൽ നടന്ന സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കലോത്സവത്തിൽ സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 774 പോയിന്റോടെ ജേതാക്കളായി. 727 പോയിന്റോടെ സി.എം.ഐ. പബ്ലിക് സ്കൂൾ ദേവഗിരി രണ്ടാംസ്ഥാനവും 559 പോയിന്റോടെ ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ജില്ലയിലെ എഴുപത് സ്കൂളുകളിൽനിന്ന് നാലുവിഭാഗങ്ങളിലായി മൂവായിരത്തഞ്ഞൂറോളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. ഐ.ടി. ഫെസ്റ്റ്, ഓഫ് സ്റ്റേജ്, പെർഫോമിങ് ആർട്ട്സ്, സ്റ്റേജിനങ്ങൾ എന്നിങ്ങനെ നാലുഘട്ടങ്ങളിലായാണ് ജില്ലാ കലോത്സവം നടന്നത്. സമാപനസമ്മേളനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സഹോദയ സ്കൂൾ ചെയർമാൻ മോനി യോഹന്നാൻ അധ്യക്ഷനായി. ആർട്ടിസ്റ്റ് കലാഭവൻ സരിഗ മുഖ്യാതിഥിയായി. വി.പി. അബ്ദുൽ ഖാദർ, പി.കെ. സുലൈമാൻ, ടി.കെ. കോയതീൻ, റിയാസ് അഹമ്മദ്, ഡോ. അനസ്, ടി.എം. സഫിയ എന്നിവർ സംസാരിച്ചു.