സ്പന്ദനം പദ്ധതി നാടിന് സമർപ്പിച്ചു
നരിക്കുനി | ഒൻപതാം വാർഡിലും പരിസരപ്രദേശങ്ങളിലുമായി ആരോഗ്യ, കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന സ്പന്ദനം പദ്ധതി എം കെ രാഘവൻ എം പി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ചടങ്ങുകൾ. ആരോഗ്യ, കാർഷിക മേഖലക്ക് പ്രധാന്യം നൽകി തികച്ചും ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡിലെ ഹരിത കർമസേനഅംഗങ്ങൾ, പ്രദേശത്തെ ആദ്യകാല അങ്കണവാടി ടീച്ചർ, ഹെൽപർ എന്നിവരേയും വാർഡിലെ മികച്ച കർഷകനേയും, കഴിഞ്ഞ സാമ്പത്തികവർഷം100ദിന തൊഴിൽ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധിയേയും ചടങ്ങിൽ ആദരിച്ചു. പ്രദേശത്ത് നിന്നും ഡോക്ടർ ബിരുദം നേടിയ ഏഴോളം പേർ ഇതോടൊപ്പം അനുമോദനം ഏറ്റുവാങ്ങി.
മൂന്ന് മേഖലകളിലായി വ്യായാമ പരിശീലനം, വിവിധരോഗനിർണ്ണയ ക്യാമ്പുകൾ, മെഡിക്കൽക്യാമ്പുകൾ, മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് പ്രത്യേകകൗൺസിലിങ്, രോഗങ്ങളുടെ തീവ്രത ബോധ്യപ്പെടുത്തുന്ന എക്സിബിഷൻ, സി ഡി പ്രദർശനം, നിരന്തരമായ രോഗപ്രതിരോധ ബോധവൽക്കരണ ക്യാമ്പയിൻ, ഹരിതഭവനം ഹരിത ഗ്രാമം പദ്ധതി ബോധവൽകരണ സന്ദേശവുമായി ഗൃഹസന്ദർശനം, ജൈവകൃഷിയിലൂടെ വിഷരഹിതഭക്ഷണം പദ്ധതിയുടെ ഭാഗമായി എല്ലാവീടുകളിലുംഅടുക്കളതോട്ടം, വാർഡിലും ക്ലസ്റ്റർ പരിധികളിലും സംഘ കൃഷി വ്യാപിപ്പിക്കൽ, ആയുർവേദചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും ഔഷധസസ്യങ്ങളുടെ ഉപയോഗവും ചികിത്സാ രീതികളും മനസ്സിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പദ്ധതികൾ, ശുദ്ധമായ പാൽ ലഭ്യമാക്കുന്നതിന് പശുഗ്രാമം പദ്ധതി തുടങ്ങിയവയാണ് സ്പന്ദനത്തിന്റെ ഭാഗമായി നടപ്പാക്കാനൊരുങ്ങുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല, ജില്ലാ പഞ്ചായത്ത് അംഗം ഐപി രാജേഷ്, കാക്കൂർ പോലീസ് സർക്കിൾ ഇൻസ്പക്ടർ സജു എബ്രഹാം ,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്,സുബൈദ കൂടത്തൻ കണ്ടി,സുനിൽകുമാർ ടി കെ ,മെമ്പർമാരായ ഉമ്മുസൽമ, രാജു. ടി,മിനി പുല്ലങ്കണ്ടി, ടി പി മജീദ്, കെ കെ ചന്ദ്രൻ, ഹോമിയോ മെഡിക്കൽ ഓഫീസർ അബ്ദുൾ ഗഫൂർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മുരളീധരൻ കെ, മിഥിലേഷ് ടി പി , എ ജഅഫർ , എം എം രാജൻ, വി അപ്പുനായർ, കെ പി അബ്ദുൾ സലാം, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ സുരേഷ് എച്ച് ഐ ബാലുശ്ശേരി, പി പ്രകാശ് സീഡ് ഫാം അസിസ്റ്റൻ്റ് ഡയറക്ടർ പേരാബ്ര,ഡോക്ടർ വിദ്യ ബാലകൃഷ്ണൻ ആയുർവേദ ഹോസ്പിറ്റൽ പന്നികോട്ടൂർ എന്നിവർ ക്ലാസ് എടുത്തു. വ്യയാമവുമായി ബന്ധപ്പെട്ട് കോയ മാസ്റ്ററും ട്രെയിനറും ഷൈനിയും സംസാരിച്ചു