പ്രാദേശികം

നാട്ടുകാരോടൊപ്പം ഗ്രാമപഞ്ചായത്തും കൈകോർത്തു; മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡ് ഗതാഗതയോഗ്യമായി

മൂർഖൻകുണ്ട് | നരിക്കുനി ഗ്രാമപഞ്ചായത്ത് മൂന്ന്, 14 വാർഡുകളിലൂടെ കടന്നുപോകുന്ന മൂർഖൻകുണ്ട്-പൂളക്കാപ്പറമ്പ് റോഡിൽ കുണ്ടും കുഴിയുമായി കിടന്ന ഒരുകിലോമീറ്റർ ഭാഗത്തെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കി.

നാട്ടുകാരോടൊപ്പം ഗ്രാമപഞ്ചായത്തും കൈകോർത്തതോടെയാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായത്. ഇതരസംസ്ഥാന തൊഴിലാളികളും പങ്കെടുത്താണ് റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയത്. ഇതിനായി ഗ്രാമപഞ്ചായത്തും രണ്ടുലോഡ് ക്വാറി വേസ്റ്റ്‌ നൽകി. നാട്ടുകാരിൽനിന്ന്‌ സ്വരൂപിച്ച തുകകൊണ്ട് 35 ചാക്ക് സിമന്റ് 90 ഫൂട്ട് എം. സാൻഡ്‌, 110 ഫൂട്ട് മെറ്റൽ ഇവ ഉപയോഗിച്ചായിരുന്നു പ്രവൃത്തി. രണ്ടുദിവസം ഇതുവഴിയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടു. വാർഡംഗം ടി. രാജു, രത്നാകരൻ തൂവയിൽ, റിയാസ്, അഹമ്മദ് കോയ, ഫസലു റഹ്‌മാൻ എന്നിവർ നേതൃത്വംനൽകി.