ബീവറേജിനടുത്ത് മദ്യപൻമാരുടെ അഴിഞ്ഞാട്ടം; വീട്ടിൽക്കയറി അക്രമം
നരിക്കുനി | പൂനൂർ റോഡിലെ ബീവറേജിന് സമീപം മദ്യപന്മാർ തമ്മിലുള്ള ഏറ്റുമുട്ടൽ നരിക്കുനിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഇന്ന് രാത്രിയാണ് സംഭവം. ബീവറേജിന് മുന്നിൽ നിന്ന് തുടക്കമിട്ട ഏറ്റുമുട്ടൽ തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് നീണ്ടത് മുതലാണ് സംഭവം ഗതിമാറിത്തുടങ്ങിയത്. വീട്ടുമുറ്റത്ത് ബഹളം വെച്ചതിനെ വീട്ടുകാർ എതിർത്തതോടെ മദ്യപന്മാർ അവിടെയുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തിരിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി. തുടർന്ന് കൂടുതൽ നാട്ടുകാരെത്തി രംഗം ശാന്തമാക്കുകയായിരുന്നു. മദ്യപൻമാരുടെ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള നാട്ടുകാർ രാത്രിയിൽ ബീവറേജ് ഔട്ലെറ്റ് ഉപരോധിച്ചു. വിവരമറിയിച്ചെങ്കിലും പോലീസെത്താൻ വൈകിയത് നാട്ടുകാരിൽ അമർഷമുണ്ടാക്കി. 42 ദിവസമായി ഈ ഔട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല സമരം തുടരുകയാണ്.