മദ്യ വിൽപനശാല; തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണം: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
നരിക്കുനി | മദ്യ വിൽപനശാലകൾക്ക് അനുമതി നൽകാനും നിഷേധിക്കാനുമുള്ള പഞ്ചായത്തിന്റെയും ഗ്രാമസഭയുടെയും അധികാരം പുനഃസ്ഥാപിക്കണ മെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. നരിക്കുനിയിൽ ബിവറേജ് ഔട്ലെറ്റിനെതിരെ ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 37-ാം ദിനത്തിൽ കാരാടി ബാർവിരുദ്ധ സമരാനുസ്‌മരണ സമിതി നടത്തിയ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
താമരശ്ശേരിയിൽ നിന്ന് കാൽനടയായി എത്തിയാണ് നരിക്കുനിയിലെ സമരത്തിന് കാരാടി ബാർവിരുദ്ധ സമരാനുസ്‌മരണ സമിതി ഐക്യദാർഢ്യം അർപ്പിച്ചത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി വനിതാ സംസ്ഥാന പ്രസിഡന്റ് പത്മിനി, ജില്ലാ സെക്രട്ടറി പപ്പൻ കന്നാട്ടി, സലീം കാരാടി, ബശീർ കാരാടി, ഉസ്‌മാൻ പയ്യടി പ്രസംഗിച്ചു