കോപക്ക് ജൂണ്‍ 20ന് കിക്കോഫ്; ബ്രസീല്‍ മരണ ഗ്രൂപ്പില്‍
2024ലെ കോപ അമേരിക്ക ഫുട്‌ബോളിന് ജൂണ്‍ 20ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന യോഗ്യതാ മത്സരം കടന്നെത്തുന്ന കാനഡയുമായോ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുമായോ മാറ്റുരയ്ക്കും. ജൂണില്‍ അമേരിക്കയിലെ 14 നഗരങ്ങളിലായാണ് കോപ അമേരിക്ക ടൂര്‍ണമെന്റ് നടക്കുക. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. അത്‌ലാന്റ സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഒമ്പത് തവണ ചാമ്പ്യന്മാരായ ബ്രസീല്‍ ഇത്തവണ മരണ ഗ്രൂപ്പിലാണ്. കൊളംബിയയും പരാഗ്വേയുമുള്ള ഡി ഗ്രൂപ്പിലാണ് കാനറികള്‍ ഇടംപിടിച്ചിരിക്കുന്നത്. കോസ്റ്റാറിക്ക-ഹോണ്ടുറാസ് മത്സര വിജയികളും ഈ ഗ്രൂപ്പിലേക്കെത്തും. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രസീലിനെ തോല്‍പ്പിച്ചിരുന്നു. കോപയില്‍ ജൂലൈ രണ്ടിനാണ് ബ്രസീല്‍-കൊളംബിയ മത്സരം. അര്‍ജന്റീന ഗ്രൂപ്പ് എയിലാണ്. ചിലിയും പെറുവുമാണ് ഈ ഗ്രൂപ്പില്‍ ഇടം നേടിയ മറ്റ് രണ്ട് ടീമുകള്‍. കാനഡ-ട്രിനിഡാഡ് മത്സര വിജയികളായിരിക്കും ഗ്രൂപ്പിലെ നാലാം ടീം. ഗ്രൂപ്പ് ബി: മെക്‌സിക്കോ, ഇക്വഡോര്‍, വെനിസ്വേല, ജമൈക്ക. ഗ്രൂപ്പ് സി: യു എസ്, ഉറുഗ്വേ, പനാമ, ബൊളീവിയ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കും. ജൂലൈ 14ന് മയാമി ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം കലാശക്കളിക്ക് വേദിയാകും.