ഓപറേഷന്‍ മണ്‍സൂണ്‍: ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ നടത്തിയത് 248 പരിശോധനകള്‍
കോഴിക്കോട് | ജില്ലയില്‍ മണ്‍സൂണ്‍ കാലയളവില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓപറേഷന്‍ മണ്‍സൂണ്‍’ പരിശോധനകള്‍ തുടരുന്നു. മൂന്ന് ദിവസങ്ങളിലായി 248 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയ 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 48 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും ഗുരുതര വീഴ്ച കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച 94 സാമ്പിളുകള്‍ പരിശോധനക്കായി ലബോറട്ടറിയിലേക്കയച്ചു. ആരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങള്‍ കണ്ടെത്തിയ 23 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. പരിശോധനയുടെ ഭാഗമായി ജില്ലയിലെ 13 സ്‌കൂളുകളിലും പരിശോധന നടത്തി. മത്സ്യ സാമ്പിളുകളും ശേഖരിച്ചു.
ദിവസവും ഏഴ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. അവധി ദിനങ്ങളില്‍ ഒരു എമര്‍ജന്‍സി സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും പൊതുജനങ്ങള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മാത്രം ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ സംബന്ധമായ പരാതികള്‍ പൊതുജനങ്ങള്‍ക്ക് 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.

