പ്രാദേശികം

ഒപ്പം-84; വർണാഭമായി ഓണാഘോഷം

നരിക്കുനി | നരിക്കുനി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1984 എസ്എസ്എൽസി ബാച്ച് ഒപ്പം-84 ഓണാഘോഷം സംഘടിപ്പിച്ചു. നെടിയനാട് സൗത്ത് എ എം എൽ പി സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ വിവിധ കലാമത്സരങ്ങളും ഓണസദ്യയും അനുമോദനവും നടന്നു.
സുരേഷ് ബാബു ടൈറ്റാനിക്, സന്തോഷ്കുമാർ, ഹക്കിം, ഷെറി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
വർഷങ്ങളായി ഈ സൗഹൃദ കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാച്ചിലെ അവശത അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കാൻ ചാരിറ്റി ഫണ്ട് സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് നിരവധി സഹപാഠികൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, ഹൈസ്കൂൾ മുറ്റത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കുക, എല്ലാ ആറ് മാസത്തിലും സൗഹൃദ സംഗമങ്ങൾ നടത്തുക, ഒപ്പം അംഗങ്ങളുടെ വീടുകൾ സന്ദർശിക്കുക, വിനോദയാത്രകൾ സംഘടിപ്പിക്കുക എന്നിവയും ഈ കൂട്ടായ്മയുടെ പ്രധാന പ്രവർത്തനങ്ങളാണ്.
ചടങ്ങിൽ, ബാച്ചിലെ അംഗമായിരുന്ന അകാലത്തിൽപൊലിഞ്ഞുപോയ ശശികുമാറിൻ്റെ മകൾ ദിൽന ശശികുമാറിനെ അനുമോദിച്ചു. പഞ്ചാബിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ബോച്ചേ ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയാണ് ദിൽന നാടിൻ്റെ അഭിമാനമായത്.