ഒത്തുതീർപ്പിനൊടുവിൽ ‘നവീകരിച്ചു’ ; നരിക്കുനിയിൽ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നാളെ
നരിക്കുനി | സി പി അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. 2010ൽ എൽ ഡി എഫ് ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത ഹാൾ വീണ്ടും ഉദ്ഘാടനം ചെയ്യുകയാണെന്നും ഫലകത്തിൽ പേര് വരാൻ യു ഡി എഫ് നടത്തുന്ന നാടകമാണിതെന്നും എൽ ഡി എഫ് ആരോപിച്ചു. പഴയ ശിലാഫലകത്തിന്റെ ഫോട്ടോ കൂടി പ്രചരിച്ചതോടെ വിവാദം കൂടുതൽ ശക്തമായി.
മുമ്പ് ഉദ്ഘാടനം ചെയ്തുവെന്നല്ലാതെ കമ്മ്യൂണിറ്റി ഹാൾ ആർക്കും ഉപകാരമില്ലാതെയിരിക്കുകയായിരുന്നുവെന്നും തങ്ങളുടെ ശ്രമഫലമായാണ് ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റിയതെന്നും യു ഡി എഫ് തിരിച്ചടിച്ചു.
എന്നാൽ പഴയ ശിലാഫലകം ഒഴിവാക്കുക കൂടി ചെയ്തപ്പോൾ എൽ ഡി എഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്ഘാടന വേദിയിലേക്ക് മാർച്ച് നടത്താനടക്കമുള്ള പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു.
രംഗം കൂടുതൽ വഷളാവുമെന്ന ഘട്ടമെത്തിയപ്പോൾ ഇരുവിഭാഗങ്ങളും ഒത്തു തീർപ്പ് ചർച്ചക്ക് തയ്യാറാവുകയും അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം എന്ന പോസ്റ്റർ തിരുത്തി, നവീകരിച്ച സി പി അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാൾ എന്നാക്കി മാറ്റുകയും ചെയ്തു. അതോടൊപ്പം പഴയ ശിലാഫലകം പുനഃസ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.
നാളെ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം നരിക്കുനി ബസ് സ്റ്റാന്റിന് മുകളിലെ നവീകരിച്ച സി പി അവറാൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യും.