പ്രതികൂല സാഹചര്യത്തിലും ജനം നെഞ്ചേറ്റിയ നരിക്കുനി ഫെസ്റ്റിന് സമാപനം
നരിക്കുനി | ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തിയ നരിക്കുനി ഫെസ്റ്റ് രണ്ടാം എഡിഷന് സമാപനം. മേയ് 12ന് ആരംഭിച്ച ഫെസ്റ്റില്‍ ചില ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം തടസ്സങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും പ്രവര്‍ത്തിച്ച ദിവസങ്ങളിലെല്ലാം ഫെസ്റ്റിനെ ജനം നെഞ്ചേറ്റിയിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. മേയ് 26 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചതുപ്രകാരം ഫെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും പിന്നീടത് ജൂണ്‍ 2 വരെ നീട്ടുകയായിരുന്നു.
പ്രവേശനം സൗജന്യമായതുകൊണ്ട് തന്നെ നിരവധി ആളുകളാണ് വിവിധ ദിവസങ്ങളില്‍ ഇവിടെ വന്നുപോയത്. മിക്കദിവസങ്ങളിലും നടന്ന സാംസ്‌കാരിക സംഗമങ്ങളിലും സ്റ്റേജ്‌ഷോകളിലും നിറഞ്ഞ സദസ്സായിരുന്നു.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജന. കണ്‍വീനര്‍ വി ഇല്യാസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മൊയ്തി നെരോത്ത്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുബൈദ കൂടത്തന്‍കണ്ടി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി കെ സുനില്‍ കുമാര്‍, മുന്‍ പ്രസിഡന്റ് സി കെ സലീം, മെമ്പര്‍മാരായ മിനി പുല്ലങ്കണ്ടി, വി പി മിനി, ജസീല മജീദ്, ഇ പി ഷറീന, കെ കെ ലതിക എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് സി പി ലൈല സ്വാഗതവും കെ കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.