പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രി കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു
നരിക്കുനി |കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ ആയുർവ്വേദ ആശുപത്രിയായ നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. ആയുർവ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി എം കെ മുനീർ എംഎൽഎ അറിയിച്ചു.
2023-24 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തിക്ക്, ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
കൊടുവള്ളി, തിരുവമ്പാടി, കുന്നമംഗലം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ ആയുർവ്വേദ ചികിത്സക്ക് വേണ്ടി ആശ്രയിക്കുന്ന പന്നിക്കോട്ടൂർ സർക്കാർ ആയുർവ്വേദ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തുമെന്നും ആശുപത്രി പരിസരത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ചതായും എംഎൽഎ അറിയിച്ചു.