സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
നരിക്കുനി | എസ് വൈ എസ് ചെങ്ങോട്ടുപൊയിൽ യൂണിറ്റ് സാന്ത്വനകേന്ദ്രം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കെ എം സി ടി മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം രോഗികൾ ചികിത്സ തേടിയെത്തി. ജനറൽ മെഡിസിൻ, ഇ എൻ ടി, ചർമരോഗം, അസ്ഥിരോഗം, നേത്രരോഗം വിഭാഗങ്ങളിലാണ് ക്യാമ്പ് നടന്നത്. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. കെ കെ മരക്കാർ ദാരിമി അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സർജാസ് കുനിയിൽ വിശിഷ്ടാതിഥിയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ശറഫുദ്ദീൻ ക്ലാസെടുത്തു. കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ടി എ മുഹമ്മദ് അഹ്സനി, വാർഡ് മെമ്പർ സുനിൽ കുമാർ, കെ കെ മരക്കാർ ദാരിമി, അബ്ദുൽ ഹസീബ് സഖാഫി, എം പി സുലൈമാൻ, ഉസ്മാൻ സഖാഫി സംസാരിച്ചു. പി സാബിത്ത് സ്വാഗതവും കെ അബ്ദുൽ റശീദ് നന്ദിയും പറഞ്ഞു.