ഓണത്തിരക്കിൽ കോഴിക്കോട് ഗതാഗതനിയന്ത്രണത്തിന് മാസ്റ്റർ പ്ലാൻ വരുന്നു
കോഴിക്കോട് | ഓണക്കാലത്ത് നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ കോഴിക്കോട് പൊലീസ് വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ദേശീയപാത നവീകരണം പൂർത്തിയായതോടെ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് ഗണ്യമായി കൂടിയിട്ടുണ്ട്. ഇതിന് പുറമെ നഗരത്തിലെ 10 കേന്ദ്രങ്ങളിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾ കൂടി ചേർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
നഗരത്തിലേക്കുള്ള പ്രവേശന മാർഗങ്ങളായ മലാപ്പറമ്പ്, തൊണ്ടയാട്, ചേവരമ്പലം ബൈപാസ് ജംക്‌ഷനുകളിൽ നിന്ന് തുടങ്ങി പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് പദ്ധതി. പ്രത്യേകിച്ച് തൊണ്ടയാട് ജംക്‌ഷൻ മുതൽ അരയിടത്തുപാലം വരെ രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 3.30 മുതൽ 7 വരെയും വാഹനക്കുരുക്ക് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എൽ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തിനകം മാസ്റ്റർ പ്ലാൻ അന്തിമരൂപം നേടും. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിവുകളും നടപ്പിലാക്കി പൊതുജനങ്ങൾക്ക് സൗകര്യം ഉറപ്പാക്കാനാണ് പൊലീസ് നീക്കം.