വീട്ടുടമസ്ഥരെ കബളിപ്പിച്ച് വാടകവീടുകൾ പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
കോഴിക്കോട് | നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. അശോകപുരം സ്വദേശി മെർലിൻ ഡേവിസ് (59), മാങ്കാവ് സ്വദേശി നിസാർ (38) എന്നിവരാണ് പിടിയിലായത്. വാടകയ്‌ക്കെടുത്ത വീടുകൾ സ്വന്തമാണെന്ന് പറഞ്ഞ് പണയം വെച്ച് ആളുകളിൽ നിന്ന് വലിയ തുക കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം.

പ്രതികൾ കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ വീടുകൾ വാടകയ്‌ക്കെടുക്കുന്നു. പിന്നീട്, ഈ വീടുകൾ തങ്ങളുടേതാണെന്ന് വിശ്വസിപ്പിച്ച് പണയം വെക്കാനായി ആവശ്യക്കാരെ സമീപിക്കുന്നു. ഇങ്ങനെ, തിരുവനന്തപുരത്തുള്ള ഒരു യുവതിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത ഒരു കേസിൽ നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 2024 ഏപ്രിലിൽ നടന്ന ഈ തട്ടിപ്പിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇതേ രീതിയിൽ, മറ്റ് രണ്ട് യുവതികളിൽ നിന്ന് 2.80 ലക്ഷം രൂപയും 7 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വാടകയ്ക്ക് വീടുകൾ നൽകിയ യഥാർത്ഥ ഉടമസ്ഥർ പോലും ഈ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
നടക്കാവ് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മെർലിൻ ഡേവിസിനെ പാലക്കാട് നിന്നും നിസാറിനെ നടക്കാവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. പ്രതികൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വഞ്ചിക്കപ്പെട്ട നിരവധി ആളുകൾ കഴിഞ്ഞ ദിവസം മെർലിൻ ഡേവിസിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഈ അറസ്റ്റോടുകൂടി കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.