ഗ്രേഡ് എസ് ഐമാർക്ക് വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ അധികാരമില്ല: ഹൈക്കോടതി
കൊച്ചി | മോട്ടോർ വാഹന നിയമപ്രകാരം ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എസ് ഐ മുതലുള്ള ഉദ്യോഗസ്ഥർക്കും, മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ മുതൽ മുകളിലുള്ളവർക്കുമാണ് ഇത്തരത്തിലുള്ള അധികാരം ഉള്ളതെന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിൽ വ്യക്തമാക്കി.
ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയെന്നാരോപിച്ച് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ 7000 രൂപ പിഴ ഈടാക്കിയതിനെതിരെ കൊല്ലം സ്വദേശി വിഗ്നേഷ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെട്ടത്.
2019 ഒക്ടോബർ 26-ലെ സർക്കാർ വിജ്ഞാപനമാണ് ഇതിന് അടിസ്ഥാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രേഡ് എസ്.ഐ തസ്തിക പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനായാണ് സൃഷ്ടിച്ചതെന്നും, വാഹനപരിശോധന പോലുള്ള അധിക ചുമതലകൾ നൽകാനല്ലെന്നും കോടതി വിലയിരുത്തി.
അതോടൊപ്പം, ഗ്രേഡ് എസ്.ഐമാരെ വാഹനപരിശോധനയ്ക്ക് നിയോഗിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശവും നൽകി.