കേരളം

സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ

തിരുവനന്തപുരം | സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും.  ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്.  പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നൽകാനുള്ള സർക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പായത്. പെൻഷൻ വിതരണത്തിന് പ്രഥമ മുൻഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസത്തെ പെൻഷൻ ഓണം പ്രമാണിച്ച് നേരത്തെ നൽകുന്നു.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു.

Highlight: Social security and welfare pension beneficiaries will get two installments of welfare pension as Ona gift from the government.  Finance Minister KN Balagopal announced that 1700 crores have been allocated for this purpose.