രാജ്യത്ത് ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം; പ്രമുഖ കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി | പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ നിരോധിക്കുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഡ്രീം11, മൊബൈൽ പ്രീമിയർ ലീഗ്, മൈ11സർക്കിൾ, വിൻസോ, പ്രോബോ തുടങ്ങി നിരവധി കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി.
ഉപയോക്താക്കളുടെ പണം തിരികെ നൽകുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്. മണി ഗെയിമിങിൽ മാത്രം ആശ്രയിച്ചിരുന്ന കമ്പനികൾക്ക് പൂട്ടേണ്ടി വരും. നിയമം പ്രാബല്യത്തിലാകുന്ന തീയതി കേന്ദ്രം പ്രത്യേക വിജ്ഞാപനത്തിലൂടെ അറിയിക്കും.
നിലവിലെ കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് പണം മടക്കിനൽകാൻ ഒരു മാസം സമയം ലഭിക്കുമെന്നാണ് സൂചന. നിരോധനത്തിനു ശേഷവും ഇത്തരം ഗെയിമുകൾ നടത്തുന്നവർക്കും ധനകാര്യ ഇടപാട് സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങൾക്കും 3 വർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം.