കേരളം

മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് മാർച്ച് 15 മുതൽ 17 വരെ

⭕️ ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ല

തിരുവനന്തപുരം | കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. e-KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്.

സ്ഥല സൗകര്യമുള്ള റേഷൻകടകളിൽ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സീനിയർ സിറ്റിസൺ ആയ വ്യക്തികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും ക്യാമ്പുകൾ സന്ദർശിച്ച് അപ്‌ഡേഷൻ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 15, 16, 17 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെ ഇടവേളകളില്ലാതെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

e-KYC അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ e-KYC മസ്റ്ററിംഗ് നടത്താൻ സാധിക്കുകയുള്ളു. അതു കൊണ്ടാണ് റേഷൻ വിതണം നിർത്തി വച്ചുകൊണ്ട് മസ്റ്ററിംഗ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഈ തീയതികളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിംഗ് നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. കിടപ്പു രോഗികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും മസ്റ്ററിംഗിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാർ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികൾക്കും വിരളടയാളം പതിയാത്തവർക്കും പിന്നീട് മസ്റ്ററിംഗിന് അവസരം ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x