കേരളം

പാചക വാതക വിതരണം; അമിത തുക ഈടാക്കിയാല്‍ കര്‍ശന നടപടി

കോഴിക്കോട് | പാചക വാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് അമിത ചാര്‍ജ്ജ് ഈടാക്കുന്ന ഏജന്‍സിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ചൊവ്വാഴ്ച കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എല്‍.പി.ജി ഓപ്പണ്‍ ഫോറത്തില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.

റീഫില്‍ സിലിണ്ടര്‍ വീട്ടിലെത്തിച്ചു നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഏജന്‍സി ഷോറൂമില്‍ നിന്നും 5 കി.മീ ദൂരപരിധി വരെ സൗജന്യ ഡെലിവറിയാണ്.  അതിനു ശേഷമുള്ള ഓരോ 5 കി.മീ ദൂരത്തിനും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഗ്യാസിന്റെ വിലയും ട്രാന്‍പോര്‍ട്ടേഷന്‍ ചാര്‍ജും ബില്ലില്‍ രേഖപ്പെടുത്തണം. ബില്‍ തുക മാത്രമേ ഉപഭോക്താവില്‍ നിന്ന് വാങ്ങാന്‍ പാടുള്ളു. നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി തെളിഞ്ഞാല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉള്‍പ്പടെ റദ്ദാക്കും.

അമിത തുക ഈടാക്കുന്ന ഏജന്‍സിക്കെതിരെ  ഉപഭോക്താക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്നും പാചക വാതക സിലിണ്ടറുകളുടെ തൂക്കത്തില്‍ കുറവ് വരുത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടുത്തുന്നതിന് ഡെലിവറി വാഹനത്തില്‍ തൂക്കമെഷീന്‍ നിര്‍ബന്ധമായും വേണം. ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുകയും വേണം.

പാചക വാതക വിതരണ ഗോഡൗണിലും വാഹനങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന ഉള്‍പ്പടെ നടത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട് അമിത തുക ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ ഓപ്പണ്‍ ഫോറത്തില്‍ പരാതികള്‍ ഉയര്‍ന്നു. റസിഡന്‍സ് കൂട്ടായ്മകളും ഉപഭോക്തൃ സംഘടനാ പ്രതിനിധികളും വിതരണവും തൂക്കവും സംബന്ധിച്ച പരാതികള്‍ ഉന്നയിച്ചു. 
അധികമായി ഒരു സിലിണ്ടര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഓപ്പണ്‍ ഫോറത്തില്‍ എത്തിയ കട്ടിപ്പാറയിലെ നിര്‍ധനയായ വീട്ടമ്മക്ക് സിലിണ്ടറിന്റെ ഡെപ്പോസിറ്റ് തുക മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ട്  സി. ഇ ചാക്കുണ്ണി കൈമാറി. എ.ഡി.എം സി മുഹമ്മദ് റഫീഖ് തുക പട്ടേരികുടിയില്‍ ഭാരത് ഗ്യാസ് ഏജന്‍സി മാനേജര്‍ മുഹമ്മദ് കബീറിനെ ഏൽപ്പിച്ചു.

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ് ഒ ബിന്ദു അധ്യക്ഷത വഹിച്ചു. എ.ഡി.എം സി മുഹമ്മദ് റഫീഖ്, ബി.പി.സി.എല്‍ സെയില്‍സ് ഓഫീസര്‍ സച്ചിന്‍ കാഷ്യേ, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയര്‍ സുപ്രണ്ട് സി സദാശിവന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഗ്യാസ് ഏജന്‍സി ഡീലര്‍മാര്‍, വിതരണക്കാര്‍, ഉപഭോക്തൃ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x