വീടുകളിൽ കേക്കും മറ്റും നിർമിച്ച് വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധം
വീടുകളിൽ വെച്ച് കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും തയ്യാറാക്കി വിപണനം നടത്തുന്നതിന് ഫുഡ് സേഫ്റ്റി ഗുണനിലവാര നിയമ പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു. രജിസ്‌ട്രേഷൻ ഇല്ലാതെ ഈ മേഖലയിൽ തുടരുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഫുഡ് സേഫ്റ്റി ഗുണനിലവാര നിയമം സെക്‌ഷൻ 63 പ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. ചെറുകിട ഉത്പാദകർക്ക് രജിസ്‌ട്രേഷൻ എടുത്ത് നിയമനടപടികളിൽ നിന്ന് ഒഴിവാകാവുന്നതാണ്. 100 രൂപയാണ് ഒരുവർഷത്തേക്ക് രജിസ്‌ട്രേഷൻ ഫീസ് വരുന്നത്. 500 രൂപ അടച്ച് 5 വർഷത്തേക്ക് ഒരുമിച്ചും രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയും. വെബ്‌സൈറ്റ് വഴി നേരിട്ടും ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. ആധാറും ഫോട്ടോയും മാത്രമാണ് രേഖകളായി ആവശ്യമുള്ളത്.