നരിക്കുനിയിൽ പട്ടാപ്പകൽ കടയിൽ മോഷണം; മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് കവർന്നു
നരിക്കുനി പടനിലം റോഡിൽ സർവീസ് സ്റ്റേഷന് സമീപമുള്ള ‘അനു സ്റ്റേഷനറി ആൻഡ് കൂൾബാർ’ എന്ന സ്ഥാപനത്തിൽ ഇന്ന് രാവിലെയാണ് മോഷണം നടന്നത്. കടയുടമ പുറത്തേക്ക് പോയ തക്കം നോക്കി അകത്തുകയറിയ മോഷ്ടാക്കൾ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് കവരുകയായിരുന്നു.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിലെത്തിയ രണ്ടുപേരിൽ ഒരാൾ വാഹനത്തിന് സമീപം കാത്തുനിൽക്കുകയും, മറ്റൊരാൾ കടയ്ക്കുള്ളിൽ കയറി ബാഗുമായി ഇറങ്ങി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഇതിൽ വ്യക്തമാണ്.
കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

