പ്രാദേശികം

കടമുറിക്കുള്ളിൽ യുവാവ് വെന്തുമരിച്ച നിലയിൽ; പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നരിക്കുനി | കൊടുവള്ളി റോഡിലെ കടമുറിക്കുള്ളിൽ യുവാവിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന കുട്ടിയെ പൊള്ളലേറ്റും പുക ശ്വസിച്ചും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. പറമ്പിൽ ബസാർ സ്വദേശികളാണ് ഇവരെന്നാണ് പ്രാഥമിക വിവരം.

രാവിലെ കടമുറിക്കുള്ളിൽ നിന്ന് വലിയൊരു ശബ്ദം കേട്ടതിനെത്തുടർന്നാണ് പരിസരവാസികൾ ശ്രദ്ധിച്ചത്. തുടർന്ന് താഴ്ത്തിയിട്ടിരുന്ന ഷട്ടറുകൾക്കിടയിലൂടെ പുക വരുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ നരിക്കുനി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഷട്ടർ ഉയർത്തിയപ്പോഴാണ് ഉള്ളിൽ പുകപടലങ്ങൾക്കിടയിൽ കുട്ടിയെ കണ്ടെത്തിയത്.

പരിക്കുകളേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഫയർഫോഴ്സ് തീയണച്ച് മുറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സംഭവം നടന്ന സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇതൊരു ആത്മഹത്യയാണെന്ന സംശയമാണ് ബലപ്പെടുന്നത്. സാധാരണ രീതിയിലുള്ള ഒരു തീപിടുത്തമല്ല നടന്നതെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തുവരികയാണ്.