മഴക്കാലപൂർവ്വ ശുചീകരണം: നരിക്കുനി ടൗൺ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നു
നരിക്കുനി | പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം’ നാളെ നടക്കും. നരിക്കുനി ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നാളത്തെ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ശുചീകരണ യജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല ഉദ്ഘാടനം ചെയ്യും. മഴക്കാലത്തിന് മുൻപായി അങ്ങാടിയിലെ ഓടകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കി ആരോഗ്യകരമായ സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ഈ ശുചീകരണ പ്രവർത്തനത്തിൽ മുഴുവൻ വ്യാപാരികളും പൊതുപ്രവർത്തകരും നാട്ടുകാരും സജീവമായി പങ്കുചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

