മാവേലിക്കസ്-2025 ; സെപ്റ്റംബർ ഒന്നിന് ആരംഭിക്കും
കോഴിക്കോട് | സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ബീച്ചിൽ ഔദ്യോഗിക തുടക്കമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ച് നടക്കുന്ന പരിപാടികൾക്ക് കോഴിക്കോട് നഗരമാണ് മുഖ്യവേദി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത കലാകേന്ദ്രങ്ങളും പ്രധാന വേദികളായി മാറും. നാട്ടിൻപുറങ്ങളിലെ കലാരൂപങ്ങൾക്കും കലാകാരന്മാർക്കും വേദി ഒരുക്കുക, ജനങ്ങളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുക, സാംസ്കാരിക പൈതൃകത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഘോഷങ്ങളിലൂടെ കലാരംഗത്തും സാംസ്കാരികരംഗത്തും പ്രവർത്തിക്കുന്നവർക്കുള്ള അവസരം വർധിക്കുമെന്നാണ് പ്രതീക്ഷ. പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ജില്ലാ കലാകേന്ദ്രങ്ങളിലെയും പൊതുവേദികളിലെയും പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.