ഡിജി കേരളം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കോഴിക്കോട് ജില്ല
കോഴിക്കോട് | ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര ജില്ല എന്ന ലക്ഷ്യം കൈവരിച്ച് കോഴിക്കോട് ജില്ല. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. 100 ശതമാനം ഡിജിറ്റൽ സാക്ഷരത നേടുന്ന രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്.
ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമയുള്ള സർവേ, പരിശീലനം തുടങ്ങിയ പ്രവർത്തികൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. 14 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഡിജിറ്റൽ സാക്ഷരതയിലേക്ക് ഉയർത്തുന്നതിൻ്റെ ആദ്യപടിയായി ജില്ലയിൽ 73.88 ലക്ഷം പേരിലാണ് സർവേ നടത്തിയത്. 24, 091 വളണ്ടിയർമാരുടെ സഹായത്തോടെയാണ് സർവേ പൂർത്തിയാക്കിയത്. സർവേയിലൂടെ കണ്ടെത്തിയ 19.53 ലക്ഷം പേർക്ക് പരിശീലനം നൽകി. കുടുംബശ്രീ, സാക്ഷരത മിഷൻ, കില തുടങ്ങി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സർവെയും പരിശീലനവും പൂർത്തിയാക്കിയത്. നവംബർ ഒന്നോടെ കേരളത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാക്കുകയാണ് സർക്കാർ ലക്ഷ്യം.
ചടങ്ങിൽ എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, അസിസ്റ്റൻറ് ഡയറക്ടർ പൂജാലാൽ, കുടുംബശ്രീ ജില്ലാ കോഡിനേറ്റർ പി സി കവിത, സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ പി വി ശാസ്ത പ്രസാദ്, ആർജിഎസ്എ ജില്ലാ കോഡിനേറ്റർ വിനീത്, കമ്മ്യൂണിറ്റി ഡെവലപ്മെൻറ് എക്സ്പേർട്ട് അഞ്ജന, കില പ്രതിനിധി പ്രമോദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തി, വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ അവര്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം.