ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ‘സഹമിത്ര’ മൊബൈല്‍ ആപ്പ്: ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട് | ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘സഹമിത്ര’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഐ.സി, സി.ഡി.എം.സി, ആര്.ഇ.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളിലെ റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ട്രിക്റ്റ ടെക്നോളജി സി.ഇ.ഒ ജോമോന് ജേക്കബ്, സി.ടി.ഒമാരായ അരുണ്‍ ജി ടോം, എ സജേഷ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്കി. ആപ്ലിക്കേഷനിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ ശില്പശാലയില് ഉയര്‍ന്നു.
കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്സസിന്റെ സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്.സി.ഐ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘സഹമിത്ര’ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. പദ്ധതിയില്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്യുന്നത്.

