ജില്ലാ വാർത്തകൾപ്രാദേശികം

നരിക്കുനിയിൽ പുതിയ പോലീസ് സ്റ്റേഷൻ: തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

നരിക്കുനി | നരിക്കുനിയിൽ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള എം എൽ എയുടെയും നാട്ടുകാരുടെയും അഭ്യർത്ഥന പരിഗണിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് സ്‌റ്റേഷൻ ആരംഭിക്കുന്നതിന് വേണ്ടി യു ഡി എഫ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി എം എൽ എ മുഖേന ആഭ്യന്തര മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

നരിക്കുനിയിലെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് ആവശ്യമായ ആംബുലൻസും ആധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്ന് അനുവദിച്ച 2.31 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണം നടപ്പാക്കുന്നത്. നരിക്കുനി കൽകുടുംബിൽ നടന്ന ചടങ്ങിൽ പി കെ ഫിറോസ് എം എൽ എ അധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നരിക്കുനി ഫയർ സ്റ്റേഷന്റെ പരിമിതികളും സൗകര്യക്കുറവും പരിഹരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഏറെക്കാലമായി ഉന്നയിച്ചുവരികയായിരുന്നു.

എം.കെ. മുനീറിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് വിഷയം നിയമസഭയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിനായുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു. പതിനാലു ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ സേവനം നൽകുന്ന നരിക്കുനി ഫയർ സ്റ്റേഷൻ മലയോര മേഖലയുൾപ്പെടെയുള്ള വിശാല പ്രദേശങ്ങളിലെ ദുരന്തനിവാരണ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രധാന കേന്ദ്രമാണ്.

നരിക്കുനിയിൽ ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് ഫണ്ട് സമാഹരണം നടത്തിയാണ് ഫയർ സ്റ്റേഷന് വേണ്ട 18 സെന്റ് സ്ഥലം വാങ്ങി സർക്കാരിന് നൽകിയത്. ഈ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നില കെട്ടിടത്തിനായി 4.85 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും സാമ്പത്തിക പരിമിതികൾ മൂലം പദ്ധതി വൈകുകയായിരുന്നു. തുടർന്ന് നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്ന് തുക ലഭ്യമാകുകയും പദ്ധതിക്ക് പുതുജീവൻ ലഭിക്കുകയും ചെയ്തു. നിലവിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും ഉൾപ്പെടുന്ന ആദ്യഘട്ട നിർമ്മാണമാണ് നടപ്പാക്കുന്നത്.

ചടങ്ങിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ ഐ.പി.എസ്, വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബാലാമണി ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷെർളി, സി.കെ. സലീം, സഫീന ബഷീർ, ബ്ലോക്ക് മെമ്പർ പി. സുനിത, മെമ്പർ അപർണ്ണ ഷൈജു, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ. ശ്രീജയൻ, ഫയർ ആൻഡ് റസ്‌ക്യൂ ഡയറക്ടർ അരുൺ അൽഫോൺസ്, റീജിണൽ ഫയർ ഓഫീസർ ടി. റജീഷ്, പി.ഐ വാസുദേവൻ നമ്പൂതിരി, കെ.സി അബ്ദുൽ ഖാദർ, ഷൈജു കൊന്നാടി, ശിവാനന്ദൻ മന്നത്ത്, മനോജ് നടുക്കണ്ടി, ഒ.പി.എം ഇഖ്‌ബാൽ, ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലി എന്നിവർ സംസാരിച്ചു.