കേരളംജില്ലാ വാർത്തകൾ

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു

കുറ്റ്യാടി | കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും എട്ടുവയസ്സുകാരനായ മകനും ദാരുണമായി മരണപ്പെട്ടു. പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (8) എന്നിവരാണ് മരിച്ചവർ. കടിയങ്ങാടിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു രമ്യ.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു രമ്യയും മകനും. ഇതിനിടയിൽ പുഴയിൽ കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി രമ്യയെ കരയ്ക്കെത്തിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. തുടർന്ന് നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ രാത്രി എട്ട് മണിയോടെയാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്താനായത്.

ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.