ജില്ലാ വാർത്തകൾ

കോഴിക്കോട്ട് വൻ ലഹരിവേട്ട: 5 ലക്ഷം രൂപയുടെ എംഡിഎംഎയും ഹഷീഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | നഗരത്തിൽ വൻ ലഹരിവേട്ട. 20 ഗ്രാം എംഡിഎംഎയും ഒരു കിലോ ഹഷീഷ് ഓയിലുമായി ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ രണ്ട് പേരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് പിടികൂടി. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ചില്ലറ വിപണിയിൽ ഏകദേശം 5 ലക്ഷം രൂപ വില വരും.
പൂവാട്ടുപറമ്പ് ആനക്കുഴിക്കര സ്വദേശി എൻ.പി ഷാജഹാൻ (40), ലക്ഷദ്വീപ് സ്വദേശിയും ബേപ്പൂർ കല്ലുങ്ങൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് റാസി (23) എന്നിവരാണ് പിടിയിലായത്.
ഇവരിൽ ഷാജഹാൻ മുൻപും സമാനമായ ലഹരി കടത്ത് കേസുകളിൽ പ്രതിയാണ്. ഒഡീഷയിൽ നിന്ന് 120 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളും ഷാജഹാനെതിരെയുണ്ട്. മുഹമ്മദ് റാസിയാകട്ടെ, നടക്കാവിലും തിരൂർ ചെമ്മങ്ങാട്ടും മോഷണക്കേസുകളിൽ പ്രതിയാണ്.
ഷാജഹാൻ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം വിശാഖപട്ടണത്തേക്ക് പോവുകയായിരുന്നു. അവിടെ വെച്ച് മുഹമ്മദ് റാസിയെ വിളിച്ചുവരുത്തി ഒഡീഷയിൽ നിന്ന് ഹഷീഷ് ഓയിലും സംഘടിപ്പിച്ച ശേഷം ട്രെയിൻ മാർഗം കോഴിക്കോട്ടേക്ക് തിരിച്ചെത്തുമ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരും. ഇവർ ലഹരിവ്യാപാരത്തിലൂടെ സമ്പാദിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.