ജില്ലാ വാർത്തകൾ

ദേശീയപാതയിലെ ഗതാഗത പരിഷ്കാരം: ബൈക്കുകൾക്കും ഓട്ടോകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ധാരണ; ആദ്യഘട്ടത്തിൽ ബോധവൽക്കരണം

കോഴിക്കോട് | വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പുതിയ പരിഷ്കാരങ്ങളുമായി സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായി ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പാതയിൽ നിയന്ത്രണം ഏർപ്പെടുത്താൻ സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അധ്യക്ഷത വഹിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണയായി. എസിപിമാരും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ പെട്ടെന്ന് നടപ്പാക്കില്ലെന്നും, ബോധവൽക്കരണത്തിന് ശേഷം മാത്രമേ നടപടികളിലേക്ക് കടക്കൂ എന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പരീക്ഷണാടിസ്ഥാനത്തിലാകും ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുക.

ദേശീയപാതയിൽ ബൈക്കുകളുടെയും ഓട്ടോകളുടെയും ആധിക്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് യോഗത്തിൽ പ്രധാനമായും ഉന്നയിച്ചത്. ഹൈലൈറ്റ് മാളിന് സമീപത്തും ഒളവണ്ണ ടോൾ പ്ലാസയിലും സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, ദേശീയപാതയിലും സർവീസ് റോഡുകളിലും കാണുന്ന അനധികൃത പാർക്കിങ്ങും വലിയൊരു പ്രശ്നമായി യോഗം വിലയിരുത്തി. ചിലയിടങ്ങളിൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം.

നിലവിലെ പദ്ധതിയനുസരിച്ച് സർവീസ് റോഡില്ലാത്ത ഭാഗങ്ങളിലും പുഴകൾക്ക് കുറുകെയുള്ള പാലങ്ങളുടെ ഭാഗത്തും മാത്രമായിരിക്കും ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഇനി ദേശീയപാതയിലൂടെ യാത്രാനുമതി നൽകുക. വെങ്ങളം – രാമനാട്ടുകര പാതയിലെ കോരപ്പുഴ, അറപ്പുഴ, പുറക്കാട്ടിരിപ്പുഴ, മാമ്പുഴ എന്നീ പുഴകൾക്ക് കുറുകെ സർവീസ് റോഡിനാവശ്യമായ പാലങ്ങൾ ഇപ്പോഴില്ല. അതുപോലെ ഹൈലൈറ്റ് മാളിന് സമീപത്തെ സർവീസ് റോഡ് പണി പൂർത്തിയാകാൻ ഇനിയും 2-3 മാസമെടുക്കും. ഈ സാഹചര്യത്തിലാണ് ചില ഭാഗങ്ങളിൽ മാത്രം സർവീസ് റോഡുകൾ പൂർത്തിയാക്കി നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.