ഓണംവാരാഘോഷം: ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷപരിപാടികൾ പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഓണംവാരാഘോഷത്തിന്റെ ഭാഗമായുള്ള ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അറിയിച്ചു. ഇതിനായി എല്ലാവരും സഹകരിക്കണമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ സബ്കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ എംഎൽഎ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു.
ഘോഷയാത്ര കമ്മിറ്റി, ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി, ട്രേഡ് ഫെയർ കമ്മിറ്റി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി എന്നിവയുമായി സഹകരിച്ച് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും.
ഹരിത ഫ്ലോട്ടുകൾക്ക് പ്രത്യേക പുരസ്കാരം
ഘോഷയാത്രയ്ക്കായി വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഫ്ലോട്ടുകളുടെ നിർമ്മാണത്തിൽ തെർമോകോൾ, പി.വി.സി ഫ്ലെക്സുകൾ, മൾട്ടിലെയർ പ്ലാസ്റ്റിക്കുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. പകരം കോട്ടൺ തുണി, ചണം, പേപ്പർ തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. ഹരിതചട്ടം പാലിച്ച് നിർമ്മിക്കുന്ന മികച്ച ഫ്ലോട്ടുകൾക്ക് സമ്മാന നിർണ്ണയത്തിൽ മുൻഗണന നൽകുന്നതിനൊപ്പം പ്രത്യേക ‘ഹരിത ഫ്ലോട്ട് അവാർഡും’ നൽകും. കാണികൾക്കായി ഡിസ്പോസിബിൾ ഗ്ലാസുകൾ ഒഴിവാക്കി സ്റ്റീൽ ഗ്ലാസുകളും വാട്ടർ കിയോസ്കുകളും സജ്ജമാക്കും. ഫ്ലോട്ടുകൾ പൊളിക്കുന്ന സ്ഥലങ്ങളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ‘ക്ലീൻ കേരള കമ്പനി’യുമായി ധാരണാപത്രം ഒപ്പുവെക്കണം.
പ്ലാസ്റ്റിക് കപ്പുകൾക്കും പ്ലേറ്റുകൾക്കും വിലക്ക്
ഭക്ഷണ സ്റ്റാളുകളിൽ ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തും. കഴുകി ഉപയോഗിക്കാവുന്ന പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും മാത്രമേ അനുവദിക്കൂ. ഐസ്ക്രീമുകൾ, സ്നാക്സുകൾ എന്നിവ വിതരണം ചെയ്യുന്നതിനും കഴുകി ഉപയോഗിക്കാവുന്ന ബൗളുകൾ ഏർപ്പെടുത്തണം. സ്റ്റാളുകളിൽ നിന്നും ആഹാരം പാഴ്സൽ നൽകുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങൾ, ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ എന്നിവ മാത്രം ഉപയോഗിക്കണം. പൊതുജനങ്ങൾക്ക് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ അനുയോജ്യമായ ബിന്നുകൾ സ്റ്റാളുകളിൽ സ്ഥാപിക്കണം. നിയമലംഘനങ്ങൾ പരിശോധിക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.
വ്യാപാരികൾ തുണി, പേപ്പർ സഞ്ചികൾ കരുതണം
ട്രേഡ് ഫെയറുകളിലും എക്സിബിഷനുകളിലും പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണ്ണമായും നിരോധിക്കും. വ്യാപാരികൾ തുണി അല്ലെങ്കിൽ പേപ്പർ സഞ്ചികൾ കൗണ്ടറുകളിൽ കരുതണം. മാലിന്യം തരംതിരിക്കാതെ നൽകുന്ന വ്യാപാരികളിൽ നിന്ന് അധിക തുക പിഴയായി ഈടാക്കും.
പിവിസി ഫ്ലക്സുകൾക്ക് അനുമതിയില്ല
വേദികളിലും സ്റ്റാളുകളിലും സ്ഥാപിക്കുന്ന ബാനറുകളും ബോർഡുകളും കോട്ടൺ തുണിയിലോ അംഗീകൃത പോളി എത്തിലിൻ വസ്തുക്കളിലോ ഉള്ളതായിരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനറുകൾ നീക്കം ചെയ്യും. വേദികളിൽ മാലിന്യ സംഭരണത്തിനായി ജൈവ മാലിന്യങ്ങൾക്ക് പച്ച നിറത്തിലുള്ള ബിന്നുകളും അജൈവ മാലിന്യങ്ങൾക്ക് നീല നിറത്തിലുള്ള ബിന്നുകളും സ്ഥാപിക്കും.
ലോഗോ, ടാഗ് ലൈൻ മത്സരം
ഗ്രീൻ പ്രോട്ടോക്കോൾ കാമ്പയിന്റെ ഭാഗമായി ‘പരിസ്ഥിതി സൗഹൃദ ഓണാഘോഷം’ എന്ന ആശയത്തിൽ ലോഗോയും ടാഗ് ലൈനും തയ്യാറാക്കുന്നതിനുള്ള മത്സരം ശുചിത്വമിഷൻ സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രികൾക്ക് 5000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. വിശദ വിവരങ്ങൾ ശുചിത്വ മിഷന്റെ വെബ് സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.
എൻട്രികൾ ജൂലൈ 31 ന് മുൻപ് ഇ-മെയിൽ ചെയ്യണം. വിലാസം: onamdesignsm@gmail.com.
വാർത്താസമ്മേളനത്തിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ ഗോപൻ, കോർപ്പറേഷൻ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ എന്നിവരും പങ്കെടുത്തു.

